കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിൽ ചരിത്രവും വിശ്വാസവും സംസ്കാരവും പരസ്പരം സമന്വയിക്കുന്ന ചില ആചാരങ്ങൾ കാലത്തിന്റെ ഒഴുക്കിലും ജീവിക്കുന്ന സ്മരണകളായി നിലനിൽക്കുന്നു. അത്തരം അപൂർവ്വ പാരമ്പര്യങ്ങളിൽ ഒന്നാണ് കടുത്തുരുത്തി വലിയ പള്ളിയാൽ ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന സമുദ്രാഭിമുഖ പ്രാർത്ഥന. പൂർവിക സ്മരണയും ക്രൈസ്തവ പ്രത്യാശയും ഒരുമിച്ച് ചേർക്കുന്ന ഈ പ്രാർത്ഥന, ലോകത്തിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ആത്മീയ ആചാരമായി ഇന്നും തുടരുന്നു.
കടുത്തുരുത്തി വലിയ പള്ളിയെക്കുറിച്ച് പറയുമ്പോൾ അഭിമാനത്തോടെ പരാമർശിക്കപ്പെടുന്ന ഒന്നാണ് അവിടെയുള്ള കരിങ്കൽ കുരിശ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കരിങ്കൽ കുരിശുകളിൽ ഒന്നായി അറിയപ്പെടുന്ന ഈ കുരിശ് തഞ്ചാവൂരിലെ ശില്പികൾ 1595-ൽ നിർമ്മാണം ആരംഭിക്കുകയും 1599-ൽ ഗോവ മെത്രാപ്പോലീത്ത ഡോ. മെനസിസ് വെഞ്ചരിക്കുകയും ചെയ്തതാണെന്ന് ചരിത്രം പറയുന്നു. എന്നാൽ ഈ മഹാകുരിശിനൊപ്പം തന്നെ വലിയ പള്ളിയുടെ പരിസരത്ത് സ്ഥിതിചെയ്യുന്ന നാല് ചെറിയ കരിങ്കൽ കുരിശുകൾക്കും അതുല്യമായ ചരിത്രപ്രാധാന്യമുണ്ട്.
ഈ കുരിശുകൾ കൊടുങ്ങല്ലൂരിൽ നിന്ന് കുടിയേറി വന്ന ക്നാനായ സമൂഹത്തിന്റെ പൂർവിക സ്മരണയുടെ അടയാളങ്ങളാണ്. 1524-ൽ കൊടുങ്ങല്ലൂരിലെ ക്നാനായക്കാരുടെ പട്ടണവും ദേവാലയവും മുസ്ലീം ആക്രമണത്തിൽ നശിച്ചപ്പോൾ, അവിടെ താമസിച്ചിരുന്ന ക്നാനായ സമൂഹം അതിനു മുൻപേ തങ്ങളുടെ പൂർവികർ കൂടുതൽ അധിവസിച്ചിരുന്ന കടുത്തുരുത്തി, കോട്ടയം, ചുങ്കം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജലമാർഗ്ഗം കുടിയേറുകയായിരുന്നു. സ്വന്തം പട്ടണം നശിച്ച സാഹചര്യത്തിൽ ജീവൻ രക്ഷിക്കാനായി ഓടിപ്പോകുമ്പോഴും, തങ്ങളുടെ പൂർവികരുടെ കല്ലറകളിൽ സ്ഥാപിച്ചിരുന്ന ഓരോ ചെറിയ കരിങ്കൽ കുരിശുകൾ നഷ്ടപ്പെടുത്താതെ കരുതലോടു കൂടി കൊണ്ടുവന്നത് അവരുടെ പൂർവികരോടുള്ള ആഴമുള്ള ആദരവിന്റെ പ്രതീകമാണ്.
ഇന്ന് ആ കുരിശുകളിൽ രണ്ടെണ്ണം വലിയ പള്ളിയുടെ മുഖപ്പിൽ ഇരുവശങ്ങളിലും മറ്റു രണ്ടെണ്ണം സെമിത്തേരി ഭിത്തിയിലും സ്ഥാപിച്ചിരിക്കുന്നു. ഇവ വെറും ശില്പങ്ങൾ മാത്രമല്ല; പൂർവികരെ ബഹുമാനിക്കുന്ന ഒരു സമൂഹത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്.
ഈ പൂർവിക സ്മരണയുടെ പശ്ചാത്തലത്തിലാണ് കടുത്തുരുത്തി വലിയ പള്ളിയിൽ നടക്കുന്ന സമുദ്രാഭിമുഖ പ്രാർത്ഥനയുടെ ആത്മീയതയെ മനസ്സിലാക്കേണ്ടത്. ഈസ്റ്റർ തിരുനാളിന്റെ ഭാഗമായി സുവിശേഷ വായനയ്ക്ക് ശേഷം വിശ്വാസികൾ മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രഘോഷണമായി വലിയ പള്ളിയിൽ നിന്ന് ഏകദേശം നൂറ്റിഅമ്പത് മീറ്റർ അകലെ പഴയ കടുത്തുരുത്തി മാർക്കറ്റിനോട് ചേർന്നുള്ള കടവിലെ കുരിശടിയിലേക്ക് നീങ്ങുന്നു. അവിടെ എത്തി പടിഞ്ഞാറോട്ട് തിരിഞ്ഞ് അറബിക്കടലിനോട് അഭിമുഖമായി നിന്ന് മരിച്ച വിശ്വാസികൾക്കായി പ്രാർത്ഥിക്കുന്നു. തുടർന്ന് വീണ്ടും പ്രദക്ഷിണമായി പള്ളിയിലേക്ക് മടങ്ങുന്നു.
ഈ പ്രാർത്ഥനയുടെ അടിസ്ഥാനം പൂർവികരെ അനുസ്മരിക്കുന്നതാണെങ്കിലും അതിനു പിന്നിൽ ഗഹനമായ പ്രതീകാത്മകതയുണ്ട്. പൗരസ്ത്യ സഭാ പാരമ്പര്യപ്രകാരം നീതിസൂര്യനായ ക്രിസ്തുവിന്റെ രണ്ടാം വരവ് കിഴക്കുനിന്നാണ് എന്ന വിശ്വാസം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ക്രൈസ്തവ ദേവാലയങ്ങളുടെ അൾത്താരകൾ സാധാരണയായി കിഴക്കോട്ട് അഭിമുഖമായി സ്ഥാപിക്കപ്പെടുന്നു. ആദിമ ക്രൈസ്തവർ അവരുടെ പ്രാർത്ഥനകളിൽ കിഴക്കോട്ട് തിരിഞ്ഞു നിന്നിരുന്നതും ഇതേ പ്രത്യാശയുടെ അടയാളമായിരുന്നു. മിശിഹായുടെ സ്വർഗാരോഹണം ജെറുസലേമിന്റെ കിഴക്കുഭാഗത്തുള്ള ഒലിവ് മലയിൽ നിന്നാണ് നടന്നത് എന്ന വിശ്വാസവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കിഴക്ക് ഉത്ഥാനത്തിന്റെയും ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിന്റെയും പ്രതീകമായി ക്രൈസ്തവ പാരമ്പര്യത്തിൽ നിലകൊള്ളുന്നു.
എന്നാൽ കടുത്തുരുത്തിയിലെ ഈ ആചാരത്തിൽ ആദ്യം ദർശനം പടിഞ്ഞാറോട്ടാണ്. അറബിക്കടലിനോട് അഭിമുഖമായി നിൽക്കുന്ന ഈ പ്രാർത്ഥന ക്നാനായ സമൂഹത്തിന്റെ ചരിത്രയാത്രയെ ഓർമ്മിപ്പിക്കുന്നു.
- കടത്തുരുത്തി വലീയപള്ളി ചരിത്ര സിംപോസിയം – ക്നാനായ ... Jan 17, 09:00 AM
- മൂന്നുനോമ്പ് തിരുനാള് 2016 Jan 17, 07:00 AM
