Your Feedback

All Fields Required
History of Church

ചരിത്രപ്രസിദ്ധവും പുരാതനവുമായ കടുത്തുരുത്തി ഫൊറാനാപ്പള്ളി എ.ഡി. 500 നോടടുത്തു സ്‌ഥാപിക്കപ്പെട്ടു. ക്‌നാനായക്കാര്‍ കൊടുങ്ങല്ലൂരു നിന്നും കടുത്തുരുത്തിയില്‍ കുടിയേറിപ്പാര്‍ത്തു എന്നാണ്‌ ചരിത്രം. ജലമാര്‍ഗ്ഗമുള്ള കച്ചവടത്തിന്‌ കടുത്തുരുത്തിക്കു ണ്ടായിരുന്ന പ്രാധാന്യവും ധാരാളം കുടുംങ്ങളെ ഇവിടെ ഒന്നിച്ചുകൂട്ടി. ക്‌നാനായസമുദായ അംഗങ്ങള്‍ വടക്കംകൂര്‍ രാജ്യവംശത്തോടു കൂറു പുലര്‍ത്തുന്നവരും രാജ്യസേവനത്തില്‍ തത്‌പരരും ആയിരുന്നു. തന്മൂലം ആരാധനാലയ സ്ഥാപനത്തിന്‌ അവര്‍ മുന്നോട്ടു വന്നപ്പോള്‍ വടക്കംകൂര്‍ രാജാവില്‍ നിന്നും കരമൊഴിവായി കിട്ടിയ സ്ഥലത്താണ്‌ കടുത്തുരുത്തിയിലെ വലിയ പള്ളി സ്ഥാപിച്ചത്‌. പള്ളിക്കു ചുറ്റും ഗോപുരങ്ങളോടുകൂടിയ കോട്ട ഉണ്ടായിരുന്നു. പള്ളിയുടെ ആരംഭ കാലത്തെക്കുറിച്ച്‌ ചരിത്ര രേഖകള്‍ വ്യക്തമല്ല. എങ്കിലും ഇപ്പോഴത്തെ പള്ളി മൂന്നാമത്തെ പള്ളിയാണെന്ന്‌ പറയപ്പെടുന്നു. ഇത്‌ 1456 ല്‍ സ്ഥാപിച്ചതായിട്ടാണ്‌ ഈ പള്ളിയുടെ പാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. 1590 ല്‍ പള്ളി വലുതാക്കി പണിതു. അതിനായി നാലു വൈദീകരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ അബ്രാഹം മെത്രാപ്പോലിത്ത കല്ലിട്ടു എന്ന്‌ ഇപ്പോഴത്തെ പള്ളിയുടെ ഭിത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കരിങ്കല്‍ ഫലകത്തില്‍ രേഖപ്പെട്ടുത്തിയിട്ടുണ്ട്‌. മാര്‍ അബ്രാഹം മെത്രാപ്പോലീത്ത തന്നെ പള്ളി അഭിഷേകം ചെയ്യുകയും ചെയ്‌തു. 1887 വരെ ഇതല്ലാതെ കേരളത്തില്‍ വേറൊരു ദൈവാലയവും അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല. എന്നുള്ള കാര്യം പ്രത്യേകം സ്‌മരണീയമാണ്‌.

1663 ല്‍ കേരളത്തിലെ ആദ്യത്തെ വികാരി അപ്പസ്‌തോലിക്കയായി പറമ്പില്‍ അലക്‌സ്‌ അന്ത്രയോസ്‌ മെത്രാനെ ബിഷപ്പ്‌ മാര്‍ സെബസ്‌ത്യാനി അഭിഷേകംചെയ്‌തതും 1890 ല്‍ മാക്കില്‍ ബഹു.മത്തായി അച്ചനെ(പിന്നീട്‌ കോട്ടയം വികാരി അപ്പസ്‌ത്തോലിക്ക) തെക്കുംഭാഗക്കാരുടെ പ്രത്യേക വികാരിജനറാളായി ആഡംരപൂര്‍വ്വം വാഴിച്ചതും കടുത്തുരുത്തി വലിയ പള്ളിയില്‍ വച്ചാണ്‌. പൂര്‍വ്വ കാലം മുതല്‍തന്നെ ക്‌നാനായ സമുദായക്കാര്‍ തങ്ങളുടെ തലപ്പള്ളിയായി കടുത്തുരുത്തി വലിയ പള്ളിയെ പരിഗണിച്ചു പോരുന്നു.

ഇവിടത്തെ ചുമര്‍ചിത്രങ്ങള്‍, കൊത്തുപണികള്‍ , മദ്‌ഹ, മാമ്മോദീസാത്തൊട്ടി, കരിങ്കല്‍ കുരിശ്‌, എഴുത്തോലശേഖരങ്ങള്‍ , പഞ്ചലോഹങ്ങള്‍ കൊണ്ടുള്ള പള്ളിമണി, മണിയുള്ള കാസാ, വലിയ അരുളിക്ക തുടങ്ങിയവ പ്രാചീനത്വം കൊണ്ടും കലാഭംഗികൊണ്ടും പ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്‌. പുരാതനമായ ഈ പള്ളിയെക്കുറിച്ചും,കരിങ്കല്‍ കുരിശിനെക്കുറിച്ചും ധാരാളം ആളുകള്‍ ഗവേഷണം നടത്തി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.1627 മുതല്‍ 1629 വരെ കടുത്തുരുത്തിയില്‍ താമസിച്ച്‌ ഒരു സെമിനാരി നടത്തിയ റോമാക്കാരന്‍ ഫാ. ഫ്രാന്‍സിസ്‌ ഡൊണാത്തി ഒ.പി. എഴുതിയ റിപ്പോര്‍ട്ടില്‍ വലിയ പള്ളിയെ കടുത്തുരുത്തിയിലെ Duomo (കത്തീഡ്രല്‍ ) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌.

കോട്ടയം രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി ഈ ഇടവാകാംഗമാണ്‌. ഈ ഇടവകയില്‍ 320 കുടുംങ്ങളും,1800 ഓളം അംഗങ്ങളുമാണുള്ളത്‌. 1961 മുതല്‍ സെന്റ്‌ ജോസഫ്‌സ്‌ കന്യകാസമൂഹത്തിന്റെ ഒരു ശാഖാഭവനം ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. 1920 ല്‍ ഇവിടെ സ്ഥാപിതമായ സെന്റ്‌ മൈക്കിള്‍സ്‌ യു.പി. സ്‌കൂള്‍ 1947 ല്‍ ഹൈസ്‌കുളായും 1998 ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ടു. മേരിമാതാ ഐ.റ്റി.സി (1978), ബേസ്‌ത്‌ലായെ ബാലഭവനം (1978) എന്നീ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 1977 ല്‍ അഭി. കുന്നശ്ശേരി പിതാവിന്റെ മെത്രാനഭിഷേക രജതജൂിലി സ്‌മാരക ഹാള്‍ സ്ഥാപിക്കപ്പെട്ടു. ഇടവകയിലെ വീടുകള്‍ അധികവും വളരെ അകലെയായി സ്ഥിതിചെയ്യുന്നു.

സെപ്‌റ്റംര്‍ 8-ാം തിയതി ഈ പള്ളിയുടെ കല്ലിട്ട തിരുനാള്‍ ആചരിക്കുന്നു. ക്‌നാനായക്കാര്‍ക്ക്‌ പ്രാധാന്യമുള്ള മൂന്നുനോമ്പാണ്‌ ഇവിടത്തെ പ്രധാനതിരുനാള്‍ . അതോടനുന്ധിച്ച്‌ മാതാവിന്റെ ദര്‍ശനത്തിരുനാളും ആഘോഷിക്കുന്നു. പന്തക്കുസ്‌താതിരുനാളിനു മുമ്പുള്ള വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ നാല്‌പതുമണി ആരാധനയും നടത്തുന്നുണ്ട്‌. പതിനാറരകോല്‍ പൊക്കമുള്ള കടുത്തുരുത്തിയിലെ കരിങ്കല്‍ കുരിശ്‌ (ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കല്‍ കുരിശ്‌) 1596 ല്‍ സ്‌ഥാപിച്ചു എന്നും, ഗോവ മെത്രാപ്പോലീത്തായായിരുന്ന ദോം അലക്‌സിസ്‌ മെനേസ്സിസ്‌ തിരുമനസുകൊണ്ട്‌ 1599 ലെ ദുഃഖവെള്ളിയാഴ്‌ച ഇത്‌ ആഘോഷപൂര്‍വ്വം കൂദാശ ചെയ്‌തുവെന്നും ചരിത്ര രേഖകളില്‍ കാണുന്നു. ഈ കുരിശിങ്കല്‍ പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കാനുമായി ജാതി മതഭേദമന്യേ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം ജനങ്ങള്‍ വെള്ളിയാഴ്‌ചകളില്‍ വരുന്നുണ്ട്‌. എല്ലാ ആദ്യ വെള്ളിയാഴ്‌ചകളിലും ആയിരക്കണക്കിന്‌ ആളുകള്‍ കുരിശിനെവന്ദിച്ച്‌ ചുറ്റുവിളക്ക്‌ കത്തിക്കുകയും അനുഗ്രഹങ്ങളും രോഗശാന്തിയും നേടുകയും ചെയ്യുന്നു. വെള്ളിയാഴ്‌ചകളില്‍ കുരിശിന്റെ നൊവേനയും നടത്തപ്പെടുന്നു.

കടുത്തുരുത്തി വലിയ പള്ളിയില്‍ അതി പുരാതനകാലം മുതല്‍ പ്രധാനതിരുനാളായ മൂന്നു നോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്‌ച വൈകുന്നേരം ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ വച്ച്‌ പരമ്പരാഗതമായി നടന്നുവരുന്ന ഒരു സമൂഹ പ്രാര്‍ത്ഥനയാണ്‌ പുറത്തുനമസ്‌ക്കാരം. ഭക്തി നിര്‍ഭരവും പ്രാര്‍ത്ഥനാസമ്പുഷ്‌ടവും അര്‍ത്ഥപൂര്‍ണ്ണവും അന്യാദൃശവുമായ ഈ ഭക്താനുഷ്‌ഠാനത്തില്‍ സംബന്ധിക്കുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും, വിദേശത്തുനിന്നുപോലും ധാരാളം ആളുകള്‍ വന്നെത്താറുണ്ട്‌.

കടുത്തുരുത്തി വലിയ പള്ളിയില്‍ മാത്രം കാണുന്ന മറ്റൊരു തിരുക്കര്‍മ്മാനുഷ്‌ഠാനമാണ്‌ ഉയിര്‍പ്പ്‌ ഞായര്‍ – മരിച്ചുപോയ പൂര്‍വ്വികരെ അനുസ്‌മരിക്കല്‍ . ഉയിര്‍പ്പ്‌ ഞായറാഴ്‌ച ഉയര്‍പ്പിന്റെ തിരുക്കര്‍മ്മം കഴിഞ്ഞ്‌ വി. കുര്‍ബാനക്കു മുന്‍പായി ജനങ്ങള്‍ എല്ലാവരും പള്ളിയുടെ പടിഞ്ഞാറ,്‌ അധികം ദൂരമില്ലാത്ത കുരിശുമൂട്‌ കടവില്‍ സ്‌ഥാപിച്ചിരിക്കുന്ന കുരിശടിയിലേക്ക്‌ തിരികള്‍ കത്തിച്ച്‌ പദക്ഷിണമായി പോയി, AD 345 -ലെ കുടിയേറ്റയാത്രയില്‍ മരിച്ച്‌ കടലില്‍ സംസ്‌ക്കരിക്കപ്പെട്ട പൂര്‍വ്വികരെ അനുസ്‌മരിച്ച്‌ പ്രാര്‍ത്‌ഥിക്കുന്നു. ക്‌നാനായക്കാരുടെ ആദ്യ ദൈവാലയമായ വി. തോമാശ്‌ളീഹായുടെ നാമത്തിലുള്ള കൊടുങ്ങല്ലൂരെ ദൈവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ദിവസം കടലിന്നഭിമുഖമായി നിന്ന്‌ കടലില്‍ മരിച്ച പൂര്‍വ്വികര്‍ക്ക്‌വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്ന പാരമ്പര്യമാണ്‌ ഇതിന്റെ അടിസ്ഥാനം.

കടുത്തുരുത്തി വലിയ പള്ളിയില്‍ ഓശാനഞായറാഴ്‌ച സന്താനല്‌ധിക്കായി നെയ്യപ്പ നേര്‍ച്ച നടത്തി മാതാവിന്റെ അനുഗ്രഹത്താല്‍ സന്താനങ്ങള്‍ ഉണ്ടാകുന്നതായി നിരവധി ആളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. തങ്ങളുടെ കുട്ടികളെ മുത്തിയമ്മയ്‌ക്ക്‌ അടിമ വയ്‌ക്കുന്നതിന്‌ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്‌.

Obituary View All